മഴയും മഞ്ഞും പേടിക്കണ്ട ഇനി കണ്ണൂര്‍ വിമാനത്താവളത്തില്‍ എപ്പോള്‍ വേണമെങ്കിലും വിമാനമിറക്കാം | Updating Kerala


കണ്ണൂര്‍: മഴയോ മഞ്ഞോ വെയിലോ എന്നിങ്ങനെ എന്തുമാവട്ടെ കാലാവസ്ഥാ, കണ്ണൂർ വിമാനത്താവളത്തില്‍ വിമാനമിറങ്ങുന്നതിന് ഇതൊന്നും തടസമേയല്ല. പ്രതികൂല കാലാവസ്ഥയിലും വിമാനം സുരക്ഷിതമായി പറന്നിറങ്ങാന്‍ സഹായിക്കുന്ന ഇന്‍സ്ട്രുമെന്റ് ലാന്‍ഡിംഗ് സിസ്റ്റം (ഐഎല്‍എസ്) രണ്ടാമത്തെ റണ്‍വേയിലും സ്ഥാപിക്കുവാൻ ഒരുങ്ങുകയാണ് കണ്ണൂർ വിമാനത്താവളം.  ഇതിനു മുന്നോടിയായി എയര്‍പോര്‍ട്ട് അതോറിറ്റി വിമാനത്താവള റണ്‍വേ പരിശോധിക്കാന്‍ തുടങ്ങി. പരിശോധന രണ്ടുനാള്‍ കൂടി തുടരുമെന്ന് അതോറിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ മെയ് 29ന് മുംബൈയില്‍ നിന്നെത്തിയ ഗോ എയര്‍ വിമാനം കനത്ത കാറ്റ് കാരണം കണ്ണൂരിലിറങ്ങാനാവാതെ കൊച്ചിയിലേക്ക് വഴി തിരിച്ചുവിട്ടിരുന്നു. 


ഐഎല്‍എസ് സംവിധാനമുള്ള റണ്‍വേയില്‍ ആ സമയത്ത് ഒഴിവുണ്ടായിരുന്നില്ല. രണ്ടു റണ്‍വേകളിലും ഐഎല്‍എസ് സംവിധാനം വരുന്നതോടെ ഒട്ടേറെ വിമാനങ്ങള്‍ റണ്‍വേയിലിറക്കാം. കണ്ണൂരിലേക്ക് കൊണ്ടുവരാനുദ്ദേശിക്കുന്ന ഐഎല്‍എസ് സംവിധാനം എയര്‍പോര്‍ട്ട് അതോറിറ്റി വാങ്ങി കഴിഞ്ഞു. രണ്ട് കോടി രൂപയാണ് ഇതിന് വില. ജനുവരിയോടെ സ്ഥാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

Comments